ജനുവരി 5 2019:
ഏഴു പേരടങ്ങുന്ന സംഘത്തിന്റെ സാധ്യമായ മുഴുവൻ വിവരങ്ങളും പാസ് പോർട്ട് സൈസ് ഫോട്ടോ ഉൾപ്പടെ ശേഖരിച്ചടക്കം ചെയ്ത ഒരു ചെറിയ നോട്ട് ബുക്കുമായി മിനി ചേച്ചിയുടെ ഫ്ലാറ്റിന്റെ താക്കോൽ തപ്പിയെടുക്കാൻ വാതിലിന്റെ മുന്നിൽ കുനിഞ്ഞത് മുതൽ അദൃശ്യമായ ഒരു കൈ അനുഗ്രഹമായും ഭാഗ്യമായും എന്നിൽ പ്രവർത്തിച്ചു തുടങ്ങി , അതിനെ ഞാൻ അഗസ്ത്യൻ എന്ന് വിളിക്കുന്നു.
നാല് പേർക്ക് മാത്രം ട്രെക്കിങ്ങ് പാസ് കിട്ടി ആ ടെൻഷൻ മണിക്കൂർ അവസാനിച്ചപ്പോൾ മുതൽ ട്രെക്കിങ്ങ് ന്റെ രുചി എനിക്ക് അനുഭവിക്കാൻ സാധിച്ചു.
പിന്നീട് അങ്ങോട്ട് ഓരോ ദിവസവും ഓരോ മണിക്കൂറിലും ട്രെക്കിങ്ങ് തന്നെയായിരുന്നു ചിന്ത. കാണുന്ന വാർത്തകളിൽ കേൾക്കുന്ന വിശേഷങ്ങളിൽ ആ കാട്ടു പാത തെളിഞ്ഞു തെളിഞ്ഞു വന്നു. ശമ്പളത്തിൽ നിന്നും മറ്റാവശ്യങ്ങൾക്കൊന്നും മുട്ടു വരാത്ത നിലയിൽ യാത്രയ്ക് ആവശ്യമായ ഓരോ സാധനങ്ങളും കുറേശ്ശേ കഴിഞ്ഞ മാസങ്ങളിലായി വാങ്ങുന്നുണ്ടായിരുന്നു. രണ്ടു ട്രാക്ക് പാന്റ്സ് രണ്ടു ടി ഷർട്ട് ഒരു ജോഡി റണ്ണിങ് ഷൂസ് സോക്സ് അങ്ങനെയങ്ങനെ. 23 ഫെബ്രുവരി എന്നത് ഒരു നീണ്ട കാത്തിരിപ്പായി മറാത്ത വിധം തിരക്കുകളിൽ പെട്ടു പോയത് കൊണ്ട് യാത്ര തുടങ്ങും വരെ ആവേശം ഒട്ടും ചോർന്നു പോയില്ല.
23 ഫെബ്രുവരി വെളുപ്പിന് നാല് പേരുടെ പാസും ഒഴിവായി പോയ ഒരാളുടെ വിടവുമായി ഞങ്ങൾ മൂന്നു പേർ തമ്പാനൂർ നിന്നും വെളുപ്പിന് അഞ്ചിനുള്ള ആദ്യ ബോണക്കാട് ബസിൽ യാത്ര ആരംഭിച്ചു.